ദൈവം ഉണ്ടെന്ന് തെളിയിക്കാൻ പറ്റില്ലെങ്കിൽ ഞാൻ നിരീശ്വരവാദി ആകണോ?
- Christian Yukthivadi
- Jul 14, 2021
- 4 min read
Updated: May 6, 2023

If there is no evidence for the existence of God, should I become an atheist?
എന്തുകൊണ്ട് നിരീശ്വരവാദി ആയി എന്ന ചോദ്യത്തിന് ഉത്തരം ആയിട്ട് സ്ഥിരം കിട്ടാറുള്ള മറുപടി ഇതാണ്: "തെളിവില്ല! ദൈവത്തിൻറെ അസ്തിത്വത്തിന് (existence) തെളിവില്ല!!!".
ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഒരു തത്ത്വചിന്താപരമായ (philosophical) ചോദ്യം ആണ്. ദൈവത്തിൻറെ അസ്തിത്വത്തിന് പല തരത്തിലുള്ള തെളിവുകൾ (evidences) നൂറ്റാണ്ടുകളായി തത്വചിന്തകർ നൽകിയിട്ടുണ്ട്. Cosmological, teleological, moral വാദങ്ങൾ തുടങ്ങി പല തരത്തിലുള്ളവ. എന്നാൽ ഇവിടെ അവയിലൊട്ടൊന്നും കടക്കുന്നില്ല. ഈ വാദങ്ങൾ ഒന്നും തന്നെ തെളിവായി ഇല്ലെന്ന് തന്നെ ഇരിക്കട്ടെ. നിരീശ്വരവാദി ആകുവാൻ ഈ 'തെളിവില്ലായ്മ' മതിയായ ഒരു കാരണം ആണോ?
ആദ്യം തന്നെ ചില വാക്കുകൾ വ്യക്തമായി നമുക്ക് മനസിലാക്കാം.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഈശ്വരവാദി (theist).
ഇതിൻറെ നേർ വിപരീതം വിശ്വസിക്കുന്ന വ്യക്തി ആണ് നിരീശ്വരവാദി (atheist). അതായത് ദൈവം ഇല്ലെന്ന് വിശ്വസിക്കുന്ന വ്യക്തി.
ഇതിന് നടുവിൽ മറ്റൊരു കൂട്ടർ ഉണ്ട്. 'ദൈവം ഉണ്ട്', 'ദൈവം ഇല്ല' എന്ന അവകാശവാദങ്ങൾ ഒരുപോലെ വിശ്വസിക്കാത്തവർ. ദൈവത്തിൻറെ അസ്തിത്വത്തെ കുറിച്ച് അറിയില്ല അല്ലെങ്കിൽ ഉറപ്പിക്കാൻ സാധിക്കില്ല എന്ന് നിലപാട് ഉള്ളവരാണ് ഈ കൂട്ടർ . ഇവരെ ആജ്ഞേയവാദികൾ (agnostic) എന്ന് വിളിക്കുന്നു. ആജ്ഞേയവാദി സ്വന്തം അജ്ഞത ഏറ്റുപറയുമ്പോൾ അവകാശവാദങ്ങൾ ഒന്നും നടത്തുന്നില്ല. എന്നാൽ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈശ്വരവാദിയെയും നിരീശ്വരവാദിയെയും വ്യത്യസ്തരാകുന്നത്. ദൈവം ഉണ്ട് എന്ന അവകാശവാദവും ദൈവം ഇല്ല എന്ന അവകാശവാദവും.


ഓരോ അവകാശവാദങ്ങൾ ഉന്നയിക്കാൻ ആവശ്യമായ കാരണങ്ങൾ ഉണ്ടായിരിക്കണമല്ലോ. ദൈവത്തിൻറെ അസ്തിത്വത്തിന് അനുകൂലമായി തെളിവുകൾ ഉണ്ടെങ്കിൽ ദൈവം ഉണ്ടെന്ന് അവകാശപ്പെടാം. ദൈവത്തിൻറെ അസ്തിത്വത്തിന് എതിരായി തെളിവുകൾ ഉണ്ടെങ്കിൽ ദൈവം ഇല്ലെന്ന് അവകാശപ്പെടാം. എന്നാൽ, 1976 ഇല്‍ നിരീശ്വരവാദിയായ തത്ത്വചിന്തകൻ ആന്തണി ഫ്ലൂ (Antony Flew) ഒരു പുതിയ ആശയം മുന്നോട്ട് വെച്ചു:
ദൈവത്തിൻറെ അസ്തിത്വത്തെക്കുറിച്ച് അനുകൂലമായി തെളിവുകൾ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ നിരീശ്വരവാദം (ദൈവം ഇല്ല എന്ന വാദം) ശരിയാണെന്ന് അനുമാനിക്കാം (Presumption of Atheism).
നിരീശ്വരവാദം ഒരു default position ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു. നവ നിരീശ്വരവാദത്തിൻറെ വരവോടുകൂടി ഈ ആശയത്തിന് കൂടുതൽ പ്രചാരവും ലഭിച്ചു. ദൈവം ഉണ്ടെന്ന് കാണിക്കുവാൻ ഒരു ഈശ്വരവാദിക്ക് സാധിക്കുന്നില്ലെങ്കിൽ നിരീശ്വരവാദം ആണ് ശരി എന്ന് അനുമാനിക്കാമെന്ന് ഇവർ അവകാശപ്പെടുന്നു.
ദൈവം ഇല്ലെന്നുള്ള അവകാശവാദത്തിന് തെളിവുകൾ നൽകാനുള്ള ബാധ്യത ഒഴിവാക്കുക എന്നതാണ് ഇവിടുത്തെ ഉദ്ദേശ്യം. ദൈവം ഇല്ല എന്ന വാദം, ദൈവം ഉണ്ട് എന്ന വാദം പോലെ സത്യത്തെ കുറിച്ചുള്ള ഒരു അവകാശവാദമാണ്. രണ്ട് അവകാശവാദങ്ങൾ വിശ്വസിക്കാനും വ്യക്തമായ കാരണങ്ങൾ വേണം. ഇതിൽ നിന്ന് വിഭിന്നമായി ആജ്ഞേയവാദി ദൈവം ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല എന്നാണ് പറയുന്നത്. അവകാശവാദങ്ങൾ ഒന്നും നടത്താത്തത്കൊണ്ടുതന്നെ ആജ്ഞേയവാദിക്ക് ഒന്നും തെളിയിക്കേണ്ട ബാധ്യത ഇല്ല. എന്നാൽ നിരീശ്വരവാദി ദൈവം ഇല്ലെന്ന് അവകാശപ്പെടുന്നു. ഈ അവകാശവാദത്തിന് ന്യായീകരണം നൽകേണ്ട ബാധ്യത ഒരു നിരീശ്വരവാദിക്കുണ്ട്. തെളിവില്ലായ്മ ഇല്ലായ്മയുടെ തെളിവല്ല. (Absence of evidence is not evidence of absence).
ഒരു അവകാശവാദത്തിന് തെളിവൊന്നുമില്ലെങ്കിൽ അതിൻറെ വിപരീതം ശരിയാകുമെങ്കിൽ, ഇതേ നിയമം നമുക്ക് തിരിച്ച് പ്രയോഗിച്ച് നോക്കാം. 'ദൈവം ഇല്ല' എന്നത് ഒരു universal negative ആണ്, അതുകൊണ്ട് അതിന് തെളിവ് നൽകാൻ പറ്റില്ല എന്ന് ചില നിരീശ്വരവാദികൾ വാദിക്കാറുണ്ട്. അപ്പോൾ അതിൻറെ നേർ വിപരീതം ‘ദൈവം ഉണ്ട്’ എന്ന് വിശ്വസിക്കാമോ? അങ്ങനെ ദൈവം ഉണ്ട് എന്ന അവകാശവാദത്തിനും ദൈവം ഇല്ല എന്ന അവകാശവാദത്തിനും ഒരുപോലെ തെളിവ് ഇല്ലെങ്കിൽ ദൈവം ഉണ്ടെന്നും ഇല്ലെന്നും ഒരേ സമയം വിശ്വസിക്കേണ്ടി വരില്ലേ? അതൊരു വൈരുദ്ധ്യം സൃഷ്ടിക്കും എന്നത് കൊണ്ട് നമുക്ക് തള്ളിക്കളയാം. മറ്റൊരു ലളിതമായ ഉദാഹരണം തരാം. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ എണ്ണം ഇരട്ട സംഖ്യ ആണെന്നുള്ളതിന് നമുക്ക് തെളിവൊന്നുമില്ല. അത്കൊണ്ട് പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ എണ്ണം ഒറ്റ സംഖ്യ ആണെന്ന് ആരും വാദിക്കില്ല. അത് തന്നെ ഇവിടുത്തെ കാര്യം.
ദൈവം ഉണ്ടെന്ന് പറയാൻ തെളിവുകൾ ഇല്ലാത്തത്കൊണ്ട് ദൈവം ഇല്ലെന്നും, ദൈവം ഇല്ലെന്ന് തെളിയിക്കാൻ പറ്റില്ല, അതുകൊണ്ട് ദൈവം ഉണ്ടായിരിക്കണം എന്ന് പറയുന്നതും ഒരുപോലെ argument from ignorance/ appeal to ignorance എന്ന ന്യായ വൈകല്യം (logical fallacy) ആണ്. ഏത് വശത്തിനും തെളിവിലെങ്കിൽ തത്കാലം നമുക്ക് ആ അവകാശവാദത്തിൻറെ സത്യാവസ്ഥയെ പറ്റി അറിയില്ല എന്നേ ഉത്തരം നൽകാൻ കഴിയുള്ളു.

എന്നാൽ ഇപ്പോൾ ഞാൻ പങ്കുവെച്ച ഉദാഹരണത്തിന് ബദലായി നിരീശ്വരവാദികൾ പലപ്പോഴും ഉയർത്തിക്കൊണ്ട് വരുന്ന ഒരു വാദമാണ് റസ്സലിൻറെ ചായക്കോപ്പ (Russel’s teapot). എന്താണ് Russel’s teapot വാദം? ഇത് മുന്നോട്ട് വെച്ച ബെർട്രാൻഡ് റസ്സൽ (Bertrand Russel) എന്ന 20 ഇരുപതാം നൂറ്റാണ്ടിലെ തത്വചിന്തകൻറെ വാക്കുകളിൽ തന്നെ പറഞ്ഞാൽ:
"ഭൂമിക്കും ചൊവ്വയ്ക്കുമിടയിൽ ബഹിരാകാശത്ത് എവിടെയെങ്കിലും സൂര്യനെ വലയം ചെയ്യുന്ന, ദൂരദർശിനി കൊണ്ട് കാണാൻ പറ്റാത്തത്ര ചെറുതായ ഒരു ചായക്കോപ്പ ഉണ്ടെന്ന് തെളിവ് നൽകാതെ ഒരാൾ വാദിക്കുകയാണെങ്കിൽ, അയാളുടെ വാദം തെളിയിക്കാനാവാത്തതിനാൽ ആരും തന്നെ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല."
നക്ഷത്രങ്ങളുടെ ഇരട്ട സംഖ്യ എണ്ണം ഉണ്ടോ എന്നറിയാൻ പറ്റില്ല എന്നത് പോലെയല്ല ഈ വാദം. നിരീശ്വരവാദത്തെ A-teapotism ആയി കണക്കാക്കിയാൽ മതിയെന്നാണ് ഈ വാദം.

എന്നാൽ ഇതിനെകുറിച്ച് തത്വചിന്തകൻ ആൽവിൻ പ്ലാന്റിംഗ പറയുന്നതിങ്ങനെ:
"തീർച്ചയായും ഇങ്ങനൊരു ചായക്കോപ്പക്കെതിരെ ധാരാളം തെളിവുകൾ നമ്മുടെ പക്കലുണ്ട്. ഉദാഹരണത്തിന്, നമുക്കറിയാവുന്നിടത്തോളം, ഒരു ചായകോപ്പയ്ക്ക് സൂര്യനുചുറ്റും ഭ്രമണപഥത്തിലെത്താൻ കഴിയുമായിരുന്ന ഒരേയൊരു വഴി, വേണ്ടത്ര വികസിത ബഹിരാകാശ-ഷോട്ട് ശേഷിയുള്ള ചില രാജ്യങ്ങൾ ഈ ചായക്കോപ്പ ഭ്രമണപഥത്തിലെത്തിച്ചിരുന്നെങ്കിൽ മാത്രമാണ്. അത്തരം കഴിവുകളുള്ള ഒരു രാജ്യവും ഒരു ചായകോപ്പയെ ഭ്രമണപഥത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുന്നതിലൂടെ കോടികൾ പാഴാക്കാൻ സാധ്യതയില്ല. കൂടാതെ, ഏതെങ്കിലും രാജ്യങ്ങൾ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ, അത് വാർത്തകളിലുടനീളം ഉണ്ടാകുമായിരുന്നു; നമ്മൾ തീർച്ചയായും അതിനെക്കുറിച്ച് കേട്ടിരിക്കും."
ഇതൊക്കെ 'റസ്സലിന്റെ ചായക്കോപ്പക്കെതിരെ' ഉള്ള തെളിവുകളാണ്. ഇങ്ങനൊരു ചായക്കോപ്പ ഉണ്ടെന്ന് തെളിയിക്കാൻ പറ്റാത്തത്കൊണ്ടല്ല, മറിച്ച് അങ്ങനൊന്ന് ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല എന്നതിന് നമുക്ക് തെളിവുള്ളതുകൊണ്ടാണ് നമ്മളാരും അങ്ങനൊരു ചായക്കോപ്പ ഇല്ലെന്ന് വിശ്വസിക്കുന്നത്.
ദൈവത്തിൻറെ കാര്യത്തിൽ ഇങ്ങനെ ഒരു എതിർ തെളിവ് നൽകാൻ പറ്റുമോ? ഈ ആശയപ്രകാരം ആർക്കെങ്കിലും നിരീശ്വരവാദിയായിരിക്കാൻ പറ്റുമോ? ദൈവം ഇല്ലെന്ന് എങ്ങനെ തെളിയിക്കാൻ പറ്റും? പോട്ടെ, എന്തെങ്കിലും ഒരു കാര്യം ഇല്ലെന്ന് എങ്ങനെ തെളിയിക്കാൻ പറ്റും? ഒരു negative നെ തെളിയിക്കാൻ പറ്റുമോ? തീർച്ചയായും പറ്റുമെന്ന് മാത്രമല്ല, negative നെ തെളിയിക്കുന്ന പല സിദ്ധാന്തങ്ങളും ഗണിതത്തിലും മറ്റും ഇന്ന് നിലവിലുണ്ട്. ഉദാഹരണത്തിന് Fermat's Last Theorem, Euclid's theorem, Arrow's impossibility theorem എന്നിവ negative നെ തെളിയിക്കുന്ന സിദ്ധാന്തങ്ങളാണ്. അതുപോലെ, എന്തെങ്കിലും സ്വയം വൈരുധ്യാത്മകമാണെങ്കിൽ (self-contradictory) അതില്ല എന്നതിന് തെളിവാണ്. കല്യാണം കഴിച്ച bachelor, വൃത്താകൃതിയിലുള്ള ചതുരം ഇതിന് ഉദാഹരണങ്ങളാണ്. ഇതുപോലെ ദൈവം ഇല്ല എന്നതിന് തെളിവ് നൽകാൻ ബുദ്ധിപരമായി ചിന്തിക്കുന്ന നിരീശ്വരവാദികൾ ശ്രമിച്ചിട്ടുമുണ്ട്. അപ്പോൾ ഒരു കാര്യം ഇല്ലെന്ന് തെളിയിക്കാൻ പറ്റും എന്നത് മനസിലായല്ലോ.
മറ്റൊരു രീതിയിൽ നിരീശ്വരവാദികൾ ഇതേ വാദം മുന്നോട്ട് വെക്കുന്നു. ‘ദൈവം ഉണ്ട്’ എന്നുള്ള വിശ്വാസം ഇല്ലാത്ത അവസ്ഥ (lack of belief) ആണ് നിരീശ്വരവാദം എന്ന് ചിലർ അവകാശപ്പെടുന്നു. സ്വന്തമായി നിരീശ്വരവാദി എന്ന് ഈ പുതിയ വ്യാഖ്യാനപ്രകാരം അവർക്ക് സ്വയം വിളിക്കാം. ദൈവം ഇല്ലെന്നുള്ളതിന് തെളിവ് നൽകാതിരിക്കാൻ ചെയ്യുന്ന ഒരു പുനർവ്യാഖ്യാനം എന്നതിനപ്പുറത്തേക്ക് ഇതിന് ചില പ്രശ്നങ്ങൾ ഉണ്ട്. നവ നിരീശ്വരവാദി ഇവിടെ നിരീശ്വരവാദവും ആജ്ഞേയവാദവും തമ്മിൽ കുഴക്കുന്നു. 'ദൈവം ഉണ്ട്' എന്നുള്ള വിശ്വാസം ഇല്ലാത്ത അവസ്ഥ (Lack of belief) ഒരു മാനസികാവസ്ഥ ആണ്. ഒരു അവകാശവാദത്തെയും മാനസികാവസ്ഥയേയും തമ്മിൽ താരതമ്യം ചെയ്യാൻ പറ്റില്ല. അവകാശവാദം ശരിയോ തെറ്റോ ആകാം. മാനസിക അവസ്ഥയെ ആ രീതിയിൽ എങ്ങനെ അവലോകനം ചെയ്യും? അതുകൊണ്ട് തന്നെ ആണ് academic ചർച്ചകളിൽ ഒക്കെ തന്നെയും നിരീശ്വരവാദത്തെ ദൈവം ഇല്ല എന്ന അവകാശവാദമായി തന്നെ മനസിലാക്കുന്നത്.
ഇത്രയും എഴുതിയതിൽ നിന്ന് മനസിലാക്കേണ്ട കാര്യങ്ങൾ ഇത്ര മാത്രം:
1. അവകാശവാദങ്ങൾ നടത്തുവാൻ തെളിവുകൾ വേണം.
2. ഈശ്വരവാദം ദൈവം ഉണ്ടെന്നുള്ള വാദവും, നിരീശ്വരവാദം ദൈവം ഇല്ലെന്നുമുള്ള വാദവുമായി മനസിലാക്കണം. അല്ലാത്തപക്ഷം ഈ വിഷയത്തിൽ വ്യക്തമായ വാദപ്രതിവാദങ്ങൾ നടത്താൻ കഴിയാതെ വരും.
3. ദൈവം ഉണ്ടെന്നുള്ളതിന് തെളിവിലെങ്കിൽ ദൈവം ഇല്ലെന്ന് അർത്ഥമില്ല. അതുപോലെ തന്നെ ദൈവം ഇല്ലെന്നുള്ളതിന് തെളിവിലെങ്കിൽ ദൈവം ഉണ്ടെന്നും അതിന് അർത്ഥമില്ല.
ദൈവം ഉണ്ടെന്നുള്ളതിന് പലവിധ തെളിവുകളും തത്വചിന്തകർ കാലാകാലങ്ങളായി നൽകിയിട്ടുണ്ട്. ദൈവം ഇല്ലെന്നുള്ളതിനും പല തെളിവുകൾ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. തെളിവ് നൽകാനുള്ള ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാതെ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുള്ള തെളിവുകൾ പരിശോധിച്ച് കാര്യവിവരത്തോട് കൂടിയുള്ള ഒരു തീരുമാനം എടുക്കാൻ ശ്രമിക്കുക.
Comentários